വികസനത്തിൻറെ വിജയഗാഥ
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിൽ തലശ്ശേരി ബ്ലോക്കിലാണ് വേങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പടുവിലായി, പാതിരിയാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 28.09 ച.കി.മീ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അഞ്ചരക്കണ്ടി, കീഴല്ലൂർ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് മാങ്ങാട്ടിടം, കോട്ടയം പഞ്ചായത്തുകളും, മട്ടന്നൂർ മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് പിണറായി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പിണറായി, പെരളശ്ശേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകളുമാണ്. 35801 വരുന്ന മൊത്തം ജനസംഖ്യയിൽ 18571 സ്ത്രീകളും 17230 പുരുഷൻമാരും ഉൾപ്പെടുന്നു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കറപ്പ തോട്ടത്തിന്റെ ഒരുഭാഗം ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരിടമാണ്.സൌന്ദര്യവൽക്കരണം നടത്തിയിട്ടുള്ള പാച്ചപ്പൊയ്ക ടൌണും കായലോട് സ്ഥിതി ചെയ്യുന്ന ഇല്യൂഷൻ അമ്മ്യൂസ് മെൻറ് പാർക്കും മമ്പറം ഇന്ദിരാഗാന്ധി ചിൽഡ്രൻസ് പാർക്കും ഈ പഞ്ചായത്തിലെ പ്രധാന ആകർഷണങ്ങളാണ്. പഞ്ചായത്തിലെ മുഖ്യ കുടിനീർ സ്രോതസ്സ് കിണറുകളാണ്. 13 പൊതു കിണറുകളും നിരവധി സ്വകാര്യ കിണറുകളും ജലജീവൻ മിഷൻ വഴി ലഭ്യമായ 8000ത്തോളം പൈപ്പ് ലൈൻ കണക്ഷനുകളും പഞ്ചായത്തു നിവാസികൾ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. പഞ്ചായത്തിന്റെ പൊതുവിതരണമേഖലയിൽ 14 റേഷൻ കടകൾ പ്രവർത്തിക്കുന്നു. മൂന്ന് മാവേലി സ്റ്റോറുകളും ഒരു നീതി സ്റ്റോറും പഞ്ചായത്തിന്റെ പൊതുവിതരണരംഗത്തെ മറ്റു സംവിധാനങ്ങളാണ്. 2826 പൊതുവിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത് പഞ്ചായത്തിലെ വീഥികളെ രാത്രികാലങ്ങളിൽ സഞ്ചാരയോഗ്യമാക്കുന്നു.
കാർഷികരംഗം
ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന പഞ്ചായത്താണ് വേങ്ങാട്. അഞ്ചരക്കണ്ടിയിലെ പട്ടത്താരിക്കുന്നാണ് ഈ പഞ്ചായത്തിലെ ഏറ്റവും വലിയ കുന്നിൻ പ്രദേശം. ഈ പഞ്ചായത്തിന്റെ കാർഷിക ചരിത്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലം വരെ എത്തുന്നുണ്ട്. ഇവിടുത്തെ കുരുമുളക് ശേഖരിച്ച് വിദേശത്തേക്ക് അയക്കാൻ കമ്പനി അഞ്ചരക്കണ്ടിയിൽ ഒരു പാണ്ടിക ശാല സ്ഥാപിച്ചിരുന്നു. കമ്പനിയുടെ കാലത്ത് തന്നെ ഇവിടെ തുടങ്ങിയ ഒരു സുഗന്ധവിളത്തോട്ടുമാണ് പിൽക്കാലത്ത് പ്രസിദ്ധമായ അഞ്ചരക്കണ്ടി ബ്രൌൺ സായിപ്പിന്റെ കറപ്പത്തോട്ടം. നെല്ല്, വാഴ, മരച്ചീനി, തെങ്ങ്, കൈതച്ചക്ക, റബർ, കശുമാവ് എന്നിവയാണ് ഇന്ന് കൃഷി ചെയ്തുവരുന്ന പ്രധാന വിളകൾ. അഞ്ചരക്കണ്ടി പുഴയും 36 പൊതു കുളങ്ങളും നിരവധി കൈത്തോടുകളുമാണ് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ. കൃഷിയാവശ്യങ്ങൾക്ക് ഈ ജലസ്രോതസ്സുകൾ വേണ്ടവിധം പരിപാലിച്ചു് ഉപയോഗപ്പെടുത്തുന്നത് കാർഷിക മേഖലയുടെ പുരോഗതിക്ക് സഹായകമാണ്. പഴശ്ശികനാലും പാതിരിയാട്, പടുവിലായി എന്നിവിടങ്ങളിലെ പഴശ്ശി കനാലിന്റെ രണ്ടു കൈവഴികളും പരിപാലിച്ച് ഉപയോഗപ്പെടുത്തുന്നത് കാർഷികമേഖലയുടെ നിലനിൽപ്പിനും പുരോഗതിക്കും അത്യാവശ്യമാണ്.
വ്യാവസായികരംഗം
പി.വി.സി. പൈപ്പ് നിർമ്മാണം, ഓയിൽമില്ല്, ഫ്ളോർ മില്ല്, ക്ലീനിങ് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് എന്നീ ഇടത്തരം വ്യവസായങ്ങൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നു. പഞ്ചായത്തിൽ നിലവിലുള്ള ചെറുകിട വ്യവസായങ്ങൾ ഫർണിച്ചർ യൂണിറ്റ്, ഗാർമെന്റ് യൂണിറ്റ്, ഖാദി ഗ്രാമവ്യവസായ സഹകരണസംഘം എന്നിവയാണ്. ബീഡി തെറുപ്പ്, നെയ്ത്‌ത് തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങളും നിലനിന്നുപോരുന്നു. കാർഷിക-കാർഷികേതര വ്യവസായങ്ങൾക്ക് ഏറെ സാധ്യതകളുള്ള പഞ്ചായത്താണ് വേങ്ങാട്. വേങ്ങാട് ഗ്രാമപഞ്ചായത്തിൽ 4 പെട്രോൾബങ്കും 2 ഗ്യാസ് ഏജൻസിയും പ്രവർത്തിക്കുന്നു. ഒരു ഗ്യാസ് സർവ്വീസ് സെന്റർ മമ്പറത്ത് സ്ഥിതിചെയ്യുന്നുണ്ട്.
വിദ്യാഭ്യാസരംഗം
18-00 നൂറ്റാണ്ടിന്റെ അവസാനകാലത്തോടുകൂടി വിദ്യാഭ്യാസ പ്രവർത്തനം പഞ്ചായത്തിൽ ആരംഭിച്ചിരുന്നു. അധുനിക വിദ്യാഭ്യസ സമ്പ്രദായം പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് മുമ്പ് ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം നിലവിലുണ്ടായിരുന്നു. 1869-ൽ സ്ഥാപിക്കപ്പെട്ട ബി. ഇ.എം.യു.പി.സ്കൂളാണ് പഞ്ചായത്തിലെ ആദ്യ സ്കൂൾ. പഞ്ചായത്തിലെ ആദ്യ ഹൈസ്കൂൾ പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂളാണ്. 2026-ൽ എത്തിനിൽക്കുമ്പോൾ വിദ്യാലയങ്ങളുടെ എണ്ണം കൊണ്ട് സമ്പന്നമാണ് വേങ്ങാട് പഞ്ചായത്ത്. സർക്കാർ മേഖലയിലെ ഇ.കെ.നായനാർ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വേങ്ങാട് സ്ഥിതിചെയ്യുന്നു. എയ്ഡഡ് വിഭാഗത്തിൽ 29 സ്കൂളും അൺ എയ്ഡഡ് വിഭാഗത്തിൽ 3 സ്കൂളും പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്നു. ഇതുകൂടാതെ ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സൌകര്യം ഒരുക്കികൊണ്ട് ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
മൃഗസംരക്ഷണം
മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു മൃഗാശുപത്രി മുണ്ടമെട്ടയിൽ പ്രവർത്തിച്ചു വരുന്നു. കുഴിയിൽ പീടികയിൽ ഐ. സി. ഡി. പി. യുടെ ഒരു ശാഖ സ്ഥിതിചെയ്യുന്നുണ്ട്.ഗ്രാമപഞ്ചായത്തിൻറെ സാമ്പത്തിക നില ഉയർത്താൻ ഉതകുന്ന ഒരു നേഖലയാണ് മൃഗസംരക്ഷണ മേഖല. ഒരു തൊഴിൽ എന്ന നിലയിൽ അത്യുൽപാദന ശേഷിയുള്ള കറവപ്പശുക്കളെ സംരക്ഷിച്ച് ഉപജീവനം നയിക്കുന്ന ധാരാളം ആളുകൾ വേങ്ങാട് പഞ്ചായത്തിലുണ്ട്. പാൽ സംഭരിച്ച് വിതരണം നടത്തുന്നതിനായി പാൽ സൊസൈറ്റിയും പഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്നുണ്ട്.
സ്ഥാപനങ്ങൾ
കേരള ഗ്രാമീൺ ബാങ്കിൻറെ 3 ശാഖകളും കാനറ ബാങ്കിൻറെ 1 ശാഖയും സൌത്ത് ഇന്ത്യൻ ബാങ്കിൻറെ 2 ശാഖകളും പഞ്ചായത്തിൽ നിലകൊള്ളുന്നു. കേരള ബാങ്ക്, കൂത്തുപറമ്പ് സഹകരണ ബാങ്ക്, പാതിരിയാട് സർവ്വീസ് സഹകരണ ബാങ്ക്, കുന്നിരിക്ക സർവ്വീസ് സഹകരണ ബാങ്ക്, വേങ്ങാട് സർവ്വീസ് സഹകരണബാങ്ക്, പാതിരിയാട് വനിതാ സർവ്വീസ് സഹകരണ ബാങ്ക്, പ്രവാസി സഹകരണ ബാങ്ക് എന്നിവ സഹകരണ മേഖലയിലെ സ്ഥാപനങ്ങളാണ്. കേരളപ്പിറവി സുവർണ്ണ ജൂബിലി സ്മാരക കമ്മ്യൂണിറ്റി ഹാൾ വേങ്ങാട്, കുഴിയിൽ പീടിക കമ്മ്യൂണിറ്റി ഹാൾ, തട്ടാരി കമ്മ്യൂണിറ്റി ഹാൾ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കമ്മ്യൂണിറ്റി ഹാളുകൾ. കേരള സംസ്ഥാന വൈദ്യുത ബോർഡിന്റെ ഓഫീസ് വേങ്ങാട് സ്ഥിതിചെയ്യുന്നു. മമ്പറം, വേങ്ങാട് എന്നിവിടങ്ങളിൽ ടെലിഫോൺ എക്സ‌്ചേഞ്ച് നിലവിലുണ്ട്. മമ്പറം, പാതിരിയാട്, അഞ്ചരക്കണ്ടി, വേങ്ങാട്, പാച്ചപ്പൊയ്ക, ശങ്കരനെല്ലൂർ എന്നിവിടങ്ങളിൽ പോസ്റ്റ് ഓഫീസുകൾ സ്ഥിതിചെയ്യുന്നു. സബ് രജിസ്ട്രാർ ഓഫീസ് അഞ്ചരക്കണ്ടി, കൃഷിഭവൻ വേങ്ങാട്, ഗവ. വിത്തുൽപാദന കേന്ദ്രം വേങ്ങാട്, വാട്ടർ ട്രീറ്റെമന്റ് പ്ളാന്റ് അഞ്ചരക്കണ്ടി എന്നിവയാണ് പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന സംസ്ഥാന സർക്കാർ ഓഫീസുകൾ. മത്സ്യമാർക്കറ്റ് മമ്പറത്ത് നിലകൊള്ളുന്നു.
ഗതാഗതതരംഗം
19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം വരെ ഇവിടെ വണ്ടികളോ നടപ്പാതകളോ ഉണ്ടായിരുന്നില്ല. ടിപ്പു സുൽത്താന്റെ ആക്രമണകാലത്ത് പീരങ്കികൾ വലിച്ചുകൊണ്ടുപോകാനാണ് മലബാറിൽ റോഡുകൾ ഉണ്ടാക്കപ്പെട്ടത്. കണ്ണൂർ-വേങ്ങാട് കൂത്തുപറമ്പ് റോഡ്, അഞ്ചരക്കണ്ടി-വണ്ണാൻറെ മെട്ട കൂത്തുപറമ്പ് റോഡ്, തലശ്ശേരി-മമ്പറം റോഡ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റോഡുകൾ. പഞ്ചായത്ത് റോഡുകൾ യാത്രസൌകര്യം ലഭ്യമാക്കുന്നുണ്ടെങ്കിലും പഞ്ചായത്തിന്റെ വികസനപദ്ധതികൾക്ക് കൂടുതൽ ഗതാഗതസൌകര്യങ്ങൾ അത്യന്താപേക്ഷിതമാണ്. കണ്ണൂർ വിമാനത്താവളം പഞ്ചായത്തിൻറെ 5 കിലോമീറ്റർ ദൂരപരിധിയിലാണ്. തലശ്ശേരി റെയിൽവേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. മംഗലാപുരം തുറമുഖമാണ് തുറമുഖമെന്ന നിലയിൽ പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ളത്. അഞ്ചരക്കണ്ടി ബസ്സ്സ്റ്റാന്റാണ് പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലം. ആദ്യകാലങ്ങളിൽ ഓടക്കാട് കടവുമായി ബന്ധിപ്പിക്കുന്ന ഒരു കടത്തു തോണി ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ജലഗതാഗതം പഞ്ചായത്തിൽ ഇല്ല. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്നവയാണ് ഇവിടുത്തെ പാലങ്ങൾ. മമ്പറം പാലം, ചാമ്പാട് പാലം, ഇരിപ്പുകടവ് പാലം, അഞ്ചരക്കണ്ടി പാലം,മണക്കായി പാലം എന്നിവ ഇവിടത്തെ പ്രധാന പാലങ്ങളാണ്.
വാണിജ്യരംഗം
മമ്പറം, അഞ്ചരക്കണ്ടി, വേങ്ങാട് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങൾ. മമ്പറത്ത് രണ്ട് ഷോപ്പിംഗ് കോംപ്ളക്സുകളും തട്ടാരിയിൽ ഒരു ഷോപ്പിംഗ് കോംപ്ളക്സും സ്ഥിതി ചെയ്യുന്നു. മമ്പറത്ത് ഒരു മത്സ്യ മാർക്കറ്റ് നിലവിലുണ്ട്. ഇതു കൂടാതെ ഒരു റൂറൽ മാർക്കറ്റ് തട്ടാരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്നു.
സാംസ്കാരികരംഗം
വൈദേശികാധിപത്യത്തിനെതിരെ പടവാളുയർത്തി വീരമൃത്യു വരിച്ച പഴശ്ശിരാജാവിന്റെ പാദസ്പർശംകൊണ്ട് ചരിത്രത്താളുകളിൽ സ്ഥാനം നേടാൻ വേങ്ങാട് പഞ്ചായത്തിനു കഴിഞ്ഞിട്ടുണ്ട്. ഉത്തമമായ ഗുണനിലവാരവും കരകൌശല ചാതുര്യവും ഒത്തുചേരുന്ന “വേങ്ങാടൻ പാവുമുണ്ട്" എന്ന ഉൽപ്പന്നം പ്രചുരപ്രചാരമായിരുന്നു. അനേകം ക്ഷേത്രങ്ങളും പള്ളികളും ഈ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. തട്ടാരി മുസ്ളീം പള്ളിയിലെ നബിദിനാഘോഷം വിവിധ മതവിഭാഗക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് വർഷംതോറും നടത്തി വരുന്നു. പുരാതനമായ പടുവിലായിക്കാവിലെ തേങ്ങാപിടി ഉത്സവം പ്രസിദ്ധമാണ്. സ്വാതന്ത്ര്യ സമര സേനാനികളായ അബു, ബാപ്പൂട്ടി, വാഴയിൽ ഗോപി തുടങ്ങിയവർ ഈ പഞ്ചായത്തിന്റെ മൺമറഞ്ഞുപോയ പ്രതിഭകളാണ്. കലാ-കായിക സാംസ്കാരിക രംഗങ്ങളിലായി 14 കേന്ദ്രങ്ങൾ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. വേങ്ങാട് ഗ്രാമപഞ്ചായത്ത് യുവജന വായനശാല & ഗ്രന്ഥാലയം, ശ്രീ നാരായണ വായനശാല & ഗ്രന്ഥാലയം പാച്ചപ്പൊയ്യ, ചാമ്പാട് ഗ്രാമോദ്ധാരണ വായനശാല & ഗ്രന്ഥാലയം, അഞ്ചരക്കണ്ടി സാംസ്കാരിക നിലയം & വായനശാല എന്നിവ പഞ്ചായത്തിലെ പ്രധാന ഗ്രന്ഥാലയങ്ങൾ ആണ്. ഇതുകൂടാതെ അനേകം വായനശാലകളും സാസ്ക്കാരിക ക്ലബ്ബുകളും പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്നുണ്ട്
ആരോഗ്യരംഗം
ആരോഗ്യപരിപാലന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങൾ പഞ്ചായത്തിനകത്തുണ്ട്. വേങ്ങാട് ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യ കേന്ദ്രമാണ് വണ്ണാൻറെ മെട്ടയിൽ സ്ഥിതി ചെയ്യുന്ന വേങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രം. ഇതിന്റെ ഉപകേന്ദ്രങ്ങൾ കല്ലായി, മൈലുള്ളി, വേങ്ങാട്, പറമ്പായി, ചാമ്പാട് എന്നിവിടങ്ങളിൽ നിലകൊള്ളുന്നു. സാക്രമിക രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ്, കിടപ്പിലായ രോഗികൾക്കുള്ള പെയിൻ ആൻറ് പാലിയേറ്റീവ് പരിചരണം, ആരോഗ്യ ശുചിത്വ പ്രവർത്തനം, കൊതുക് നശീകരണ പ്രവർത്തനം, എലിനശീകരണ പ്രവർത്തനം, വിവിധ ബോധവൽക്കരണ പരിപാടികൾ, ദേശീയ ആരോഗ്യ പരിപാടികൾ എന്നിവ പ്രാഥമികാരോഗ്യകേന്ദ്രത്തിൻറെ കീഴിൽ നടന്ന് വരുന്നു. ആയുർവ്വേദ ഡിസ്പെൻസറി പാച്ചപ്പൊയ്ക, ഹോമിയോ ഡിസ്പെൻസറി വേങ്ങാട് എന്നിവ പ്രാഥമിക ചികിത്സാ സൌകര്യങ്ങൾ ലഭ്യമാക്കുന്ന മറ്റ് കേന്ദ്രങ്ങളാണ്. അലോപ്പതി മേഖലയിലെ ഒരു സ്വകാര്യ ആശുപത്രി മമ്പറത്ത് സ്ഥിതചെയ്യുന്നുണ്ട്. അൽഖസ്ത മെഡിക്കൽ സെന്ററിന്റെ ആംബുലൻസ് സേവനം പഞ്ചായത്തു നിവാസികൾക്ക് ലഭ്യമാണ്.