ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതി
September 28, 2026
ലഹരിക്കെതിരെയായി സംസ്ഥാന സർക്കാർ നടത്തി വരുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടമായി ഓപ്പറേഷൻ തൂഫാൻ 2.0 തദ്ദേശ സ്വയംഭരണ വകുപ്പും പോലീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്നത് പ്രകാരം സംസ്ഥാന തലത്തിന് സമാനമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. വേങ്ങാട് ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികൾ, വിവിധ വാർഡുകളിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന അംഗങ്ങൾ,ക്ലബ്ബ്, വായനശാല ഭാരവാഹികൾ, യുവജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ലഹരി വിരുദ്ധ സ്പെഷ്യൽ ഗ്രാമസഭ വിളിച്ച് ചേർത്തു. വൈസ് പ്രസിഡൻറ് ശ്രീമതി.റീജയുടെ അധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.സി ചന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്യുകയും തൂഫാൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ലഹരിക്കെതിരെ ജനങ്ങൾ സ്വയം പോരാളികളായി മാറേണ്ടുന്ന ഇന്നിൻറെ ആവശ്യകതയെ കുറിച്ചും നാളിതുവരെ പോലീസ് വകുപ്പ് ലഹരിക്കെതിരെ നടത്തിയ പോരാട്ടങ്ങളെ കുറിച്ചും നടപടികളെ പറ്റിയും പിണറായി എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീ.സമീർ എന്നവരും പിണറായി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ ശ്രീ.വികാസ് എന്നവരും ക്ലാസ്സ് എടുത്ത് സംസാരിക്കുകയും ചെയ്തു.